ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Thursday, April 19, 2012

സ്വപ്‌നങ്ങള്‍ [Swapnangal]
നിനക്ക് ഞാന്‍ തന്നത് സ്നേഹമല്ലായിരുന്നു..
മറിച്ച് എന്‍റെ ഹൃദയം തന്നെയായിരുന്നു...
കടലാസുതുണ്ട് ചുരുട്ടി എറിയുന്ന ലാഘവത്തില്‍
നീ എന്‍റെ ഹൃദയം എറിഞ്ഞു കളഞ്ഞു...
അതില്‍ തകര്‍ന്നത്‌ ഞാനായിരുന്നില്ല..
നമ്മുടെ സ്വപ്നങ്ങളായിരുന്നു...

-Rahul Alex

Wednesday, April 18, 2012

ഒരു മഴ പെയ്തെങ്കില്‍... [Oru Mazha Peythenkil...]
മഴയെനിക്കെന്നും സമ്മാനിച്ചിട്ടുള്ളത് ഓര്‍മകളാണ്
പുസ്തകക്കെട്ടുമായി മഴയത്ത്‌ സ്കൂളില്‍ പോയതും,
കടലാസുകൊണ്ട് കപ്പലുണ്ടാക്കി കളിച്ചതും
എല്ലാം ഓര്‍മകളായി മനസ്സില്‍ ഭദ്രം

അവളെ ആദ്യമായി കണ്ടുമുട്ടിയ അന്നും മഴ പെയ്തിരുന്നു
ഞങ്ങള്‍ ഒന്നിച്ച് ജീവിതം ആരംഭിച്ചതും മഴയെ സാക്ഷിനിര്‍ത്തിയായിരുന്നു
മഴയെനിക്കെന്നും സമ്മാനിച്ചിട്ടുള്ളത് ഓര്‍മകളാണ്

ജനല്‍ ചില്ലിനിടയിലൂടെ ഒഴുകിയെത്തിയ മഴത്തുള്ളികളുടെ ഭംഗി ആസ്വദിച്ചതും
ആകാശത്ത് മിന്നലിന്‍റെ ചിത്രപണികള്‍ കണ്ടിരുന്നതും-
ആ ഓര്‍മകളിലെല്ലാം അവളുണ്ട്

ഇടക്കെപ്പോഴോ വെച്ച് അവളും ഓര്‍മ്മയായി
അന്നെന്നെക്കാള്‍ കൂടുതല്‍ കരഞ്ഞത് നീയാണ്...

ഒരു മഴപെയ്തു തീരുന്നത് പോലെ അവള്‍ എന്നില്‍ പെയ്തു തീര്‍ന്നു
മഴത്തുള്ളികള്‍ ഭൂമിയെ ചുംബിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ആ ഗന്ധം-
അതിന്നെന്നെ അവളുടെ അടുത്തെത്തിക്കുന്നു

അവളെനിക്കിന്ന് ഓര്‍മകളാണ്
മഴയെനിക്കെന്നും സമ്മാനിച്ചിട്ടുള്ളതും ഓര്‍മകളാണ്
ഒരു മഴ പെയ്തെങ്കില്‍....


-Rahul Alex


Monday, April 16, 2012

ഒരു നേരമ്പോക്ക് [Oru Nerampokku]കണ്ണടച്ചാല്‍ തെളിഞ്ഞ് വരുന്നത് അവളുടെ മുഖമാണ്
ഒന്ന് കാതോര്‍ത്താല്‍ കേള്‍ക്കുന്നത് അവളുടെ സ്വരവും
ഒരു നേരമ്പോക്കായി ഞാന്‍ നടിച്ച പ്രണയം
അവളെ മരണത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുചെന്നെത്തിച്ചു

ഞാനും യാത്ര തിരിക്കുകയാണ്
നീ നടന്ന അതേ വഴിയിലൂടെ
നീ ഇന്നെവിടെയാണോ, അവിടേക്ക്

എന്‍റെ കാതുകളില്‍ പാഞ്ഞു വരുന്ന തീവണ്ടിയുടെ ശബ്ദമില്ല
മരണത്തിലേക്ക്‌ വഴുതി വീഴാന്‍ എനിക്ക് ഭയവുമില്ല
എന്നെ നീ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ഞാന്‍ അറിയുന്നു
അതില്‍ ഒരംശമെങ്കിലും തിരിച്ചു തരാന്‍ കഴിഞ്ഞിരുന്നെങ്കില്‍..

-Rahul Alex

Sunday, April 15, 2012

Nandithayude Kavithakal [ നന്ദിതയുടെ കവിതകള്‍ ]

ഒരു അടുത്ത സുഹൃത്തില്‍ നിന്നാണ് ഞാന്‍ നന്ദിതയെ പറ്റി കേള്‍ക്കുന്നത്- നന്ദിത കെ. എസ്. അവരെ പറ്റി കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ തോന്നി. ഇന്റര്‍നെറ്റ്‌ മുഴുവന്‍ തപ്പി നോക്കി. കിട്ടിയത് ഒരു പിടി വിവരങ്ങള്‍ മാത്രം.
അവരെ പറ്റി എന്റെ സുഹൃത്ത്‌ പറഞ്ഞതിങ്ങനെ- "മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നിരാശകാമുകി. പ്രണയവും വിരഹവും അത്രയും ശക്തിയോടെ ഞാന്‍ കണ്ടിട്ടില്ല വേറൊരു പെണ്ണിന്റെ വരികളിലും.. "
1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മടക്കി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛന്‍ ശ്രീധര മേനോന്‍, അമ്മ പ്രഭാവതി. ഇഗ്ലീഷില്‍ M. A. യും B-Ed ഉം എടുത്തു. വയനാട്‌ മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം.

സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; “അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം.” ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. ആള്‍ക്കാര്‍ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.

വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൌമ്യപ്രകാശവും സുഗന്ധവും സൌന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ?

എന്നാലും എന്തിനാകും അവര്‍ ആത്മഹത്യ ചെയ്തത്.. ഇത്രയും തീക്ഷ്ണമായ വിരഹം ഇവര്‍ക്കുള്ളില്‍ നിറയാന്‍ എന്താകും കാരണം.. ചില ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ കിടക്കും..

"ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണ്, മുറിവുകളുടെ രണഭൂമികളാണ്. മരണം - അതുമാത്രമാണു നിത്യമായ സത്യം."

കടപ്പാട്: പാച്ചന്‍, http://www.facebook.com/priyananditha, http://halznz.wordpress.com/2009/07/08/is-nanditha-still-a-mystery/, http://www.facebook.com/nandithaspoems

നന്ദിതയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പങ്കുവയ്ക്കാന്‍ മടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...
 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves